സിപിഎം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ടി എച്ച് മുസ്തഫ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം എല്ലാ കാലഘട്ടത്തിലും വർഗീയതയെ കൂട്ടുപിടിച്ചാണ് അധികാരത്തിൽ എത്തിയിട്ടുള്ളത്. പി സി ജോർജിനെതിരെ കേസ് എടുത്തതല്ലാതെ അതിൽ യാതൊരു തുടർ നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. അത് സിപിഎം പിന്തുടരുന്ന വർഗീയ അജണ്ടകളുടെ നേർസാക്ഷ്യമാണ്.
സംഘപരിവാർ എന്താണോ പറയുന്നത് അതുതന്നെയാണ് സിപിഎമ്മും പറയുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയ ശക്തികൾ ആണെന്ന സിപിഎം നേതാവ് എ വിജയരാഘവന്റെ പ്രതികരണമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അധികാരത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള കുറുക്കുവഴിയായി വർഗീയതയെ താലോലിക്കുന്ന സമീപനം സിപിഎം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.