സമൂഹമാധ്യമത്തിൽ അധിക്ഷേപം തുടരുന്നവർക്കെതിരെ യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ്. തന്റെ വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ലെന്നും പക്ഷേ അത്തരം പരാമർശങ്ങൾക്ക് ഒരു റീസണബിൾ റെസ്ട്രിക്ഷൻ വരണമെന്ന് വിശ്വസിക്കുന്നെന്നും ഹണി റോസ് പറഞ്ഞു.
തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് നേരിടും. സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിത മാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഹണി റോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ത്യയിലെ നിമയസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല.
ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻറെ ജോലിയുടെ ഭാഗമാണ്. എൻറെ വസ്തധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല. പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്. ആംഗ്യങ്ങൾക്ക് ഒരു റീസണബിൾ റെസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻറെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.
ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.
