എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അവരവരുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതിയെന്ന് നടൻ സുരേഷ് ഗോപി. ഞങ്ങൾക്ക്, ഞങ്ങളുടെ സംഘടന അമ്മയാണ്. അതിനിടയിൽ കുത്തും കോമയുമൊന്നുമില്ല. ചില മുതലാളിമാരാണ് അങ്ങനെ പറഞ്ഞു നടന്നത്. അതവരുടെ വീട്ടിൽ കൊണ്ടു വച്ചാൽ മതി. നമ്മളെല്ലാം ഹൃദയം കൊണ്ടു തെരഞ്ഞെടുത്ത ഒരു സംഘടനാ നേതൃത്വം ചെറിയ പ്രശ്നങ്ങളുടെ പേരിൽ രാജിവച്ചൊഴിഞ്ഞു, അതിൻ്റെ ആവശ്യമില്ല, അവരെയെല്ലാം കുത്തിനു പിടിച്ച് തിരികെ കൊണ്ടുവന്ന് സംഘടനയുടെ തലപ്പത്തിരുത്തും. ഇത് അഭ്യർഥനയല്ല ആജ്ഞയാണന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് നമുക്കൊപ്പമില്ലാത്ത നടൻ മുരളിയാണ് അമ്മ എന്ന പേര് നമ്മുടെ സംഘടനയ്ക്കു നൽകിയത്. അവിടന്നിങ്ങോട്ട് ആദരണീയനായ മധുസാർ ഉൾപ്പെടെ നിരവധി പേർ നേതൃത്വത്തിൽ വന്നു. എം ജി സോമൻ അടക്കം നിരവധി അതികായൻമാർ നയിച്ച സംഘടനയാണിത്. അത് അമ്മയായി തന്നെ തുടരണമെന്നും കൊച്ചിയിൽ നടന്ന അമ്മ കുടുംബസംഗമത്തിൽ സുരേഷ് ഗോപി പറഞ്ഞു.