കഴിഞ്ഞ തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച അന്വേഷണങ്ങളിൽ, വകുപ്പുതല വീഴ്ചകൾ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ പൊലിസിനു മാത്രമാണ് വീഴ്ചയെന്ന് റിപ്പോർട്ട്. പൊലിസ് കൂടാതെ ജില്ലാ ഭരണകൂടം, അഗ്നിരക്ഷാസേന, എക്സ്പ്ലോസിവ്, തദ്ദേശം, വനം വകുപ്പുകളുടെ പങ്കും അന്വേഷിച്ച റിപ്പോർട്ടാണിത്. എ ഡി ജി പി മനോജ് ഏബ്രഹാമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൊലിസ് ഒഴികെ മറ്റു വകുപ്പുകൾക്കൊന്നും വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിൽ 20 ശിപാർശകൾ എടുത്തു പറയുന്നുണ്ട്. തൃശൂർ പൂരത്തിൻ്റെ പ്രധാന ഭാഗമായ വെടിക്കെട്ടു നടത്തുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ടു നടത്താൻ അനുമതി ലഭിച്ചാൽ അത് അതത് ദേവസ്വങ്ങൾ ഏറ്റെടുക്കുന്ന രീതിയാണ് കാണുന്നതെന്നും ഇത് കാര്യക്ഷമമായ നടത്തിപ്പിനെ ബാധിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.