തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരു വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ്ടു വിദ്യാർഥിയായ അസ്ലമിനാണ് മാരകമായ നിലയിൽ കുത്തു കൊണ്ടത്. വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു. റോഡിലൂടെ നടന്നു പോയ അസ്ലമിനെ പിന്നിലൂടെ എത്തിയ പ്ലസ് വൺ വിദ്യാർഥികളാണ് കുത്തിയത്. കത്തി കൊണ്ടുള്ള കുത്തേറ്റ് അസ്ലമിൻ്റെ ശ്വാസകോശം തുളഞ്ഞു പോയതായും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ മാസം സ്കൂളിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പ്രിൻസിപ്പലിനും ചില അധ്യാപകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്നു മുതൽ നിലനിന്ന വൈരാഗ്യമാണ് മൃഗീയമായ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്ന് പൊലിസ് പറയുന്നു. അന്ന് 20 ൽ അധികം വിദ്യാർഥികൾക്കെതിരെ പൊലിസ് കേസുണ്ടാവുകയും ഏതാനും വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.