പെരിയ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. നാല് പേർക്ക് അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
20 മാസത്തെ വിചാരണ നടപടികൾക്കുശേഷം പതിനാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഡിസംബർ 28ന് കണ്ടെത്തിയിരുന്നു. പത്തുപേർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒന്നുമുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
നിയമവിരുദ്ധ സംഘംചേരൽ, കലാപം സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞുനിർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. പത്താം പ്രതി ടി രഞ്‌ജിത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കും കൊലക്കുറ്റം ചുമത്തി. 14-ാം പ്രതി കെ മണികണ്‌ഠൻ, 20 മുതൽ 22 വരെ പ്രതികളായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരെയും കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റമാണ് ചുമത്തിയത്. മൊത്തം 24 പ്രതികളാണ് ഉണ്ടായിരുന്നത്. പത്തുപേരെ കുറ്റവിമുക്തരാക്കി.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലും (23) കൃപേഷും (19) കൊല്ലപ്പെട്ടത്. ശരത് ലാലിന്റെ മാതാവ് ലത, സഹോദരി അമൃത്, കൃപേഷിന്റെ പിതാവ് കൃഷ്ണൻ സഹോദരി കൃഷ്ണപ്രിയ എന്നിവർ വിധികേൾക്കാൻ കോടതിയിലെത്തിയിരുന്നു.