സുപ്രീംകോടതി ഇടപെട്ടതിനുപിന്നാലെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒടുവില്‍ നടപടിയെടുത്തു. മാതൃകാ ജയിൽ മാന്വലും അനുബന്ധചട്ടങ്ങളും ഭേദഗതിചെയ്‌തു. ജയിലുകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും തൊഴിൽ വിഭജനങ്ങളും തരംതിരിക്കലുകളും ഉടൻ അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ഡിസംബർ 30ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ നിർദേശിച്ചു. സുപ്രീംകോടതിയുടെ നിർദേശാനുസരണമാണ് നടപടി.
ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞവർഷം ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘2016ലെ മാതൃകാ ജയിൽ മാന്വൽ,’ ‘മാതൃകാ ജയിൽ, തെറ്റുതിരുത്തൽ സേവനങ്ങൾ നിയമം’ എന്നിവയിൽ പ്രധാനപ്പെട്ട ഭേദഗതികൾ കൊണ്ടുവന്നത്. ജയിലുകളിലും തെറ്റുതിരുത്തൽ സ്ഥാപനങ്ങളിലും ജാതി അടിസ്ഥാനത്തിൽ വിവേചനവും തരംതിരിക്കലും ഒറ്റതിരിച്ച് പാർപ്പിക്കലും പാടില്ല. ജാതിയുടെ അടിസ്ഥാനത്തിൽ ഒരു തടവുകാരനും ജോലി നൽകരുത്. ജയിലുകളിലെ അഴുക്കുചാലുകളോ സെപ്‌റ്റിക്ക് ടാങ്കുകളോ തടവുകാരെ ഉപയോഗിച്ച് വൃത്തിയാക്കരുത്–തുടങ്ങിയ വ്യവസ്ഥകൾകൂടി ജയിൽചട്ടങ്ങളിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചു.
ജയിൽ മാന്വലിലെ ‘സ്ഥിരം കുറ്റവാളി’ എന്ന പ്രയോഗത്തിന്റെ നിർവചനത്തിലും കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തി. തുടർച്ചയായ അഞ്ചുവർഷം വ്യത്യസ്‌ത അവസരങ്ങളിൽ ഒന്നോ കൂടുതലോ കുറ്റങ്ങളുടെ പേരിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും രണ്ട് തവണയിൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കുകയും ചെയ്‌ത കുറ്റവാളികളെ സ്ഥിരം കുറ്റവാളിയെന്ന് വിശേഷിപ്പിക്കാമെന്നാണ് പുതിയ നിർവചനം.
തുടർച്ചയായ അഞ്ച് വർഷം കണക്കിലെടുക്കുമ്പോൾ വിചാരണയുടെ ഭാഗമായോ ശിക്ഷയുടെ ഭാഗമായോ ജയിലിൽ കഴിഞ്ഞ കാലയളവ് പരിഗണിക്കേണ്ടതില്ലെന്നും പുതിയ നിർവചനത്തിൽ പറയുന്നു. ശിക്ഷ അപ്പീലിൽ റദ്ദാക്കപ്പെടുകയാണെങ്കിൽ ആ വസ്‌തുതകൂടി കണക്കിലെടുക്കണമെന്നും നിർദേശമുണ്ട്. സുപ്രീംകോടതി വിധിയിലെ പ്രധാന നിർദേശങ്ങൾ സംസ്ഥാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.