എഴുതി തയ്യാറാക്കിയ മലയാളം യാത്രാമൊഴി ഉച്ചാരണ വൈകല്യങ്ങളോടെ നോക്കി വായിച്ച് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവൻ്റെ പടിയിറങ്ങി. ദൃശ്യമാധ്യമങ്ങൾ വളഞ്ഞിട്ട് പ്രകോപിപ്പിച്ചെങ്കിലും പതിവു തെറ്റിച്ച് സർക്കാരിനെതിരെ ‘കമാ’ എന്ന് മിണ്ടാതെയായിരുന്നു മടക്കം. കേരളത്തെ എന്നും തൻ്റെ നെഞ്ചോടു ചേർത്തുവയ്ക്കുമെന്നും സവിശേഷതകൾ ഏറെയുള്ള കേരളവുമായുള്ള തൻ്റെ ഹൃദയബന്ധം ആജീവാനാന്തമുള്ളതായിരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം യാത്ര ചൊല്ലിയത്.
പോയ വഴിയ്ക്ക് എസ് എഫ് ഐക്കാർ കൈവീശി റ്റാറ്റാ പറഞ്ഞാണ് ആരിഫിനെ യാത്രയാക്കിയത്. വാഹനവ്യൂഹം പേട്ടയിൽ എത്തിയപ്പോഴായിരുന്നു ആരിഫിനെ എസ് എഫ് ഐ പ്രവർത്തകർ കൈവീശി കാണിച്ചത്. എസ് എഫ് ഐ ക്കാർക്കെതിരെയുള്ള ആരിഫിൻ്റെ പഴയ പ്രയോഗമായ ‘ക്രിമിനൽസ് ‘ ആരോ ഇതിനിടെ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തിലുള്ള ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാലാണ് തനിക്ക് യാത്ര അയപ്പ് ഇല്ലാതിരുന്നതെന്ന് ആരിഫ് മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകി. മുഖ്യമന്ത്രിയോ മന്ത്രിമാർ ആരെങ്കിലുമോ ഇന്ന് രാജ്ഭവനിൽ സൗഹൃദ സന്ദർശനം നടത്തിയുമില്ല. പോകുന്ന സമയത്ത് അത്തരം കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച വിഷയങ്ങളിലായിരുന്നു തനിക്ക് സർക്കാരുമായി എതിർപ്പുണ്ടായിരുന്നതെന്നും സർക്കാരിന് എല്ലാ ഭാവുകങ്ങൾ നേരുന്നതായും ആരിഫ് പറഞ്ഞു.