മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിൻ്റെ സംസ്ക്കാര ചടങ്ങുകൾക്ക് പ്രത്യേക സ്ഥലം കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ നിഷേധിച്ചു. യമുനാ തീരത്ത് സ്ഥലം നൽകണമെന്നും സ്മാരകം നിർമിക്കണം എന്നുമായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം കാണിച്ച് കോൺഗ്രസ് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നൽകിയിരുന്നു. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങൾക്കൊപ്പം മൻമോഹൻ സിംഗിനും പ്രത്യേക സ്മാരകം പണിയണം എന്നാണ് കോൺഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നത്. ഈ ആവശ്യമാണ് കേന്ദ്രം തള്ളിയത്.
മൻമോഹൻ സിംഗിൻ്റെ ഭൗതിക ദേഹം ഇന്നു രാവിലെ 11.45 ന് നിംഗം ബോധ്ഘട്ടിൽ സംസ്ക്കരിക്കും. ഡെൽഹി മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിലാണ് അദ്ദേഹത്തിൻ്റെ ഭൗതികദേഹമുള്ളത്. രാവിലെ 8 മണിയോടെ കോൺഗ്രസ് ആസ്ഥാനത്തേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും. തുടർന്ന് വിലാപയാത്രയായി സംസ്ക്കാരത്തിനായി കൊണ്ടുപോകും.
അന്തരിച്ച പ്രധാനമന്ത്രിമാർക്ക് ഓരോരുത്തർക്കും നേരത്തേ പ്രത്യേകം സ്മാരകങ്ങൾ പണിയുമായിരുന്നു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഇത് നിർത്തലാക്കിയത്. സ്ഥല പരിമിതി കണക്കിലെടുത്താണ് അന്ന് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടത്. മുൻ പ്രധാനമന്ത്രിമാർക്കായി രാജ്ഘട്ടിൽ പൊതു സ്മാരകം നിർമിക്കാം എന്ന തീരുമാനവും 2013 ലെ കോൺഗ്രസ് സർക്കാർ എടുത്തിരുന്നു.