നിർത്തിയിട്ടിരുന്ന കാരവാനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിൽ റോഡരികിൽ നിർത്തിയിട്ട വാനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുരുഷൻമാരാണ് മരിച്ചു കിടന്നതെന്ന് പൊലിസ് പറഞ്ഞു. പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഒരു കാരവാൻ ടൂറിസം കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയൽ എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ വിവാഹത്തിന് പോയവരെ എത്തിച്ച് മടങ്ങിയതാണ് കാരവാൻ എന്നും പൊലിസ് പറഞ്ഞു. ഇന്നലെ രാവിലെ മുതൽ റോഡരികിൽ കാരവാൻ നിർത്തിയിട്ടിരുന്നതായി നാട്ടുകാരും പറയുന്നു. ഏറെ നേരം കഴിഞ്ഞും ആരെയും കാണാതായപ്പോഴാണ് ആളുകൾ അന്വേഷണം തുടങ്ങിയത്. ഉറങ്ങാൻ കിടന്ന ഇവർ വണ്ടിയിലെ എ സി യുടെ ഗ്യാസ് ലീക്കായി അപകടത്തിൽപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം.