കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി പി എം സംസ്ഥാന സമിതിയിലെ മുതിർന്ന അംഗം എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം.
മാധ്യമ പ്രവർത്തകരെ, ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന രീതിയിൽ പരാമർശം നടത്തിയത് മുഴുവൻ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും പാർട്ടിക്കെതിരാക്കിയെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്‍റെ പരാമർശത്തിനെതിരെയും കടുത്ത വിമർശനമാണ് ഉണ്ടായത്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സി പി എം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ അദ്ദേഹത്തിനു മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുണ്ടായി.
ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ എൻ എൻ കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം നടന്നത്.
