രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും

At Malayalam
2 Min Read

ഏഴു ദിനരാത്രങ്ങൾ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 ന് നടക്കുന്ന പരിപാടിയിൽ സാംസ്‌ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും.

സംവിധായിക പായൽ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’, മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിക്കും. സുവർണ ചകോരം, രജത ചകോരം, കെ ആർ മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌ക്കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പു മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി എന്നിവർ ചേർന്ന് അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. 29 ആംമത് ഐ എഫ് എഫ് കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപ്പെടുത്തും. ജൂറി അംഗങ്ങൾക്കുള്ള പുരസ്ക്കാരം മന്ത്രി കെ രാജൻ, വി കെ പ്രശാന്ത് എം എൽ എ എന്നിവർ നൽകും.

പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌ക്കാരം മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. മാധ്യമ പുരസ്‌ക്കാരങ്ങൾ മേയർ ആര്യ രാജേന്ദ്രനും തീയറ്റർ പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ് കുമാറും സമ്മാനിക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, അസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.

- Advertisement -

സാംസ്‌ക്കാരിക വകുപ്പു ഡയറക്ടർ ഡോ: ദിവ്യ എസ് അയ്യർ ചടങ്ങിൽ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി അജോയ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർ പേഴ്സൺ ഷാജി എൻ കരുൺ, സാംസ്‌ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്‌ ചെയർ പേഴ്സൺ കെ മധുപാൽ എന്നിവർ ആശംസകൾ അറിയിക്കും. സംവിധായകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സോഹൻ സീനുലാൽ നന്ദി പറയും.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ ആർ മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌ക്കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും.

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ പ്രദർശിപ്പിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരിയും അരങ്ങേറും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment