വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച മൃഗീയ സംഭവത്തിൽ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നുള്ള അന്വേഷണം പൊലിസ് തുടങ്ങി. ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ഈ സംഘാംഗങ്ങൾക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടു പ്രതികളെയും ഇതിനോടകം റിമാൻഡ് ചെയ്തിട്ടുണ്ട്. ഡിസംബർ 26 വരെയാണ് ഇവരുടെ റിമാൻഡ് കാലാവധി. പ്രതികൾ ജാമ്യ അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി നിരുപാധികം അത് തള്ളിക്കളഞ്ഞു. പ്രതികളായ ഹർഷിദ്, അഭിറാം എന്നിവരെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.