മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ പരിപാടി നാളെ തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 4 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ മുതിർന്ന നടിമാരെ ആദരിക്കും.
കെ ആർ വിജയ, ടി ആർ ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്.
ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണ് മറക്കില്ലൊരിക്കലും. തുടർന്ന് ഇവർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും അരങ്ങേറും. നേരത്തെ മാനവിയം വീഥിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് നിശാഗന്ധിയിലേക്ക് മാറ്റുകയായിരുന്നു.