കൂട്ടുകാരികള്‍ മടങ്ങി

At Malayalam
1 Min Read

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരെയും ഖബറടക്കിയത്. പൊതു ദർശനത്തിനു വച്ച ഹാളിൽ നിന്നും കാൽനടയായാണ് മൃതദേഹങ്ങൾ മസ്ജിദിലെത്തിച്ചത്. അടുത്തടുത്തായുള്ള നാല് ഖബറുകളിലാണ് കുട്ടികളെ അടക്കിയതും.

കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ പനയമ്പാടം സ്വദേശികൾ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇർഫാന ഷറിൻ, എ എസ് അയിഷ എന്നിവരാണ് മരിച്ചത്. സ്കൂളിൾ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ആറു മണിയോടെ വീടുകളിലെത്തിച്ചു. സഹപാഠികളും കൂട്ടുകാരും ബന്ധുക്കളും കണ്ണീരോടെ യാത്രയയക്കാനെത്തിയത് കണ്ടു നിന്നവരെയും കരയിച്ചു. ഒമ്പതുമണി മുതൽ കരിമ്പനക്കൽ ഓഡിറ്റോറിയത്തിലായിരുന്നു പൊതുദർശനം. പാണക്കാട് സാദിഖലി തങ്ങൾ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.

- Advertisement -
Share This Article
Leave a comment