സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ. തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ജാഥ പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മൈക്ക് കേടായതിന് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായ നടപടിയല്ലെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവ് എ കെ ബാലന്‍റെ മരപ്പട്ടി പ്രയോഗം അസ്ഥാനതുള്ളതായിരുന്നെന്നും അദ്ദേഹത്തെ പോലൊരു സഖാവ് അത്തരം പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പാർട്ടിയിലെ പദവികൾ തീരുമാനിക്കുന്നതിൽ ഇരട്ട നീതിയുണ്ടെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം എൽ എമാരായിരിക്കേ തന്നെ എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയാകാം. അതുപോലെ തന്നെ വി ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം. സാധാരണ പാർട്ടിപ്രവർത്തകനായ ഒരു പഞ്ചായത്ത് അംഗത്തിന് ലോക്കൽ സെക്രട്ടറിയാകാൻ പാടില്ലേ എന്നും അത് എന്ത് തരം നീതിയാണ് എന്നുമായിരുന്നു ഒരു പ്രതിനിധിയുടെ ചോദ്യം.
