നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങൾ കണ്ടെത്തിയ ആലപ്പുഴ കടപ്പുറം വനിത – ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. ഇതേ ആശുപത്രിയിലെ ഇതേ ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രസവിച്ച പെൺകുഞ്ഞിന് വലതു കൈയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടതായാണ് പുതിയ പരാതി വന്നിരിക്കുന്നത്. തെക്കനാര്യാട് അവലുക്കുന്നിലെ ദമ്പതികളുടെ കുട്ടി കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഇതേ ആശുപത്രിയിൽ ജനിച്ചത്.
പ്രസവ സമയത്ത് കുഞ്ഞിനെ വാക്വം ഉപയോഗിച്ചാണത്രേ പുറത്തെടുത്തത്. ഇതിലുണ്ടായ വീഴ്ചയാണ് കുട്ടിയുടെ വലതു കൈയ്ക്ക് ചലനശേഷി നഷ്ടപ്പെടാൻ കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. രണ്ടു മാസം ഫിസിയോതെറാപ്പി ചെയ്യ്താൽ കൈയുടെ പ്രശ്നം മാറുമെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോഴും കുഞ്ഞിൻ്റെ വലതു കൈയ്ക്ക് ചലന ശേഷി തിരിച്ചു കിട്ടിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുഞ്ഞിൻ്റെ പിതാവായ ആഗേഷും മാതാവ് രമ്യയും ചേർന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിനും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി.