വയനാടിൻ്റെ കണ്ണീരായ ശ്രുതി, സർക്കാർ സർവീസിൽ പ്രവേശിച്ചു. ഇന്നു രാവിലെ വയനാട് കളക്ടറേറ്റിലെത്തി എ ഡി എം കെ ദേവകിയുടെ മുമ്പാകെ ഒപ്പിട്ടു കൊണ്ട് ശ്രുതി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അപകടത്തിൽ ഗുരുതര പരിക്കു പറ്റിയ ശ്രുതി ഊന്നുവടിയുടെ സഹായത്തോടെയാണ് ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.
ചൂരൽമല ദുരന്തത്തിൽ ശ്രുതിയ്ക്ക് നഷ്ടമായത് സ്വന്തം കൂടപ്പിറപ്പിനേയും മാതാപിതാക്കളെയുമാണ്. പുതിയ വീട്ടിൽ താമസമാകാനുള്ള തയ്യാറെടുപ്പിനിടെയാണ് പുതിയ വീടും ഉറ്റവരേയും ഉടയവരേയുമൊക്കെ ശ്രുതിയ്ക്ക് നഷ്ടമായത്. ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസൺ ആയിരുന്നു. ശ്രുതിയും കൂടി ഉൾപ്പെട്ട ഒരു വാഹനാപകടത്തിൽ ജെൻസണും ശ്രുതിയെ തനിച്ചാക്കി വിട പറഞ്ഞു. ഒറ്റപ്പെട്ടു പോയ ശ്രുതിക്ക് അന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ രാജനും നൽകിയ വാക്ക് പാലിച്ചിരിക്കുന്നു. സർക്കാർ ജോലി എന്ന വലിയ അനുഗ്രഹം ശ്രുതിയ്ക്ക് നൽകുന്ന കരുത്ത് ഒട്ടും ചെറുതാവില്ല.
ശ്രുതിയുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ടാണ് വയനാട് കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ തന്നെ ജോലി നൽകിയത്. ഒരു ബന്ധുവിനൊപ്പം വാടക വീട്ടിലാണ് ശ്രുതി ഇപ്പോൾ കഴിയുന്നത്.