ഓർമയിലെ ഇന്ന് : ഡിസംബർ 8 : തോപ്പിൽ ഭാസി

At Malayalam
1 Min Read

പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8 ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങന്‍കുളങ്ങര സംസ്‌കൃത സ്‌കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദകോളജില്‍ നിന്നു വൈദ്യകലാനിധി ബിരുദവുമെടുത്തു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ആദ്യ കേരള നിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം മലയാള നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്. ഒളിവില്‍ കഴിയുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം തോപ്പില്‍ ഭാസി എഴുതുന്നത്.

കെ പി എ സിയുടെ ആഭിമുഖ്യത്തില്‍ 1952 ഡിസംബര്‍ 6 ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. 1945-ല്‍ ആദ്യ നാടകമായ ‘മുന്നേറ്റം’ അരങ്ങേറി. ‘ശൂദ്രകന്റെ മൃച്ഛകടികം’ പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം ‘ശകുന്തള’ എന്ന പേരില്‍ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

- Advertisement -

ഏതാനും ചെറുകഥകളും ‘ഒളിവിലെ ഓര്‍മകള്‍’ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകളും സംവിധാനം ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകളുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബര്‍ 8ന് അദ്ദേഹം അന്തരിച്ചു.

Share This Article
Leave a comment