തിരുവനന്തപുരം ജില്ലയിലെ പാലോട്, നവവധു ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പൊലിസ്, മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിതിൻ്റെ അടുത്ത കൂട്ടുകാരനായ അജാസിനെ കൂടി കസ്റ്റഡിയിലെടുത്തു. പാലോട് ഇടിഞ്ഞാർ കൊന്നമൂട് സ്വദേശിയായ ഇന്ദുജയെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തൂങ്ങി മരിച്ച നിലയിൽ ഭർത്താവായ അഭിജിതിൻ്റെ വീട്ടിൽ കണ്ടത്. തൻ്റെ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുറച്ചു നാളുകളായി തന്നെ മർദിക്കുന്നതായും ശാരീരികമായി ഉപദ്രവിക്കുന്നതായും ഇന്ദുജ സ്വന്തം വീട്ടിൽ അറിയിച്ചിരുന്നതായും തങ്ങളെ ആരെയും മകളെ കാണാനോ അവിടെ ചെല്ലാനോ അനുവദിച്ചിരുന്നില്ലെന്നും കാണിച്ച് ഇന്ദുജയുടെ പിതാവായ ശശിധരൻ കാണി പൊലിസിൽ പരാതി നൽകിയിരുന്നു.
മൂന്നു മാസം മുമ്പായിരുന്നു അഭിജിത് ഇന്ദുജയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് വൈകാതെ അഭിജിത് ഇന്ദുജയെ ഉപദ്രവിച്ചിരുന്നതായാണ് കുടുംബം പരാതിയിൽ പറയുന്നത്. കണ്ണിനു താഴെ ഭാഗത്തായും തോളിലും മർദനത്തിൻ്റെ പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മർദനമേറ്റ കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു.
അഭിജിതിൻ്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ കസ്റ്റഡിയിലായ അജാസ്. ഇയാളും ഇന്ദുജയെ ക്രൂരമായി മർദിച്ചതായി തെളിഞ്ഞിട്ടുണ്ട്. പൊലിസ് ചോദ്യം ചെയ്തപ്പോൾ അജാസ് അക്കാര്യം സമ്മതിച്ചതായാണ് വിവരം. പൊലിസ് അഭിജിതിനെയും അജാസിനേയും ഒരുമിച്ച് ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇരുവരും സ്‌റ്റേഷനിൽ എത്തുന്നതിനു മുമ്പു തന്നെ തങ്ങളുടെ വാട്സ് ആപ് ചാറ്റുകൾ ഡിലീറ്റാക്കിയതായും പൊലിസ് കണ്ടെത്തി.