കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35,000 ൽ അധികമായി

At Malayalam
1 Min Read

ശബരിമല മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം തുടരുന്നു. 35,000 ൽ അധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത ഉപയോഗപ്പെടുത്തിയത് .വെള്ളിയാഴ്ച മാത്രം പുൽമേട് വഴി 2 ,722 പേർ എത്തിയപ്പോൾ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം 3,000 കടന്നു. 1,284 പേരാണ് വെള്ളിയാഴ്ച മുക്കുഴി വഴി എത്തിയത്.

വണ്ടിപ്പെരിയാർ, സത്രം, പുൽമേട് വഴി 18,951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18,317 തീർത്ഥാടകരും ഇതിനകം സന്നിധാനത്തെത്തി. ഇരു പാതയിലൂടെയും രാവിലെ ആറു മുതലാണ് തീർഥാടകർക്ക് പ്രവേശനം നൽകുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ മൂലം ഡിസംബർ രണ്ട്‌, മൂന്ന് തീയതികളിൽ പുൽമേട് വഴിയുള്ള തീർത്ഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരെ ഗ്രൂപ്പുകളാക്കിയാണു കാനന പാതയിലൂടെ കടത്തിവിടുന്നത് .യാത്രയിലുടനീളം ഫോറസ്റ്റ്, എക്കോ ഗാർഡുമാരുടെ നിരീക്ഷണം വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട് .

അതേസമയം ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. 17 ലക്ഷത്തോളം പേരാണ് ഇതിനകം ശബരിമലയിലെത്തിയത്. വെള്ളിയാഴ്ച മാത്രം 89,840 പേർ സന്നിധാനത്തെത്തി. ഇതിൽ 17,425 തീർത്ഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല കയറിയത്.

- Advertisement -
Share This Article
Leave a comment