സ്വീകരണത്തിനെത്തിയ വയനാട് എം പി പ്രിയങ്കാ ഗാന്ധി വന്നു പോയതിൽ കമ്പോട് കമ്പ് പരാതി. ലീഗുകാരെ ആരെയും അടുപ്പിക്കാത്തതിൽ അവർക്ക് പരാതി. ഇന്നലെ വയനാട്ടിൽ നടത്തിയ സമരത്തിൽ പൊലിസിൻ്റെ അടികൊണ്ട് മേപ്പാടിയിലെ ആശുപത്രിയിൽ കിടക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരിഞ്ഞുനോക്കിയില്ല എന്ന പരാതി വേറൊരു വഴിയ്ക്ക്. പരാതികൾക്കൊന്നും ചെവി കൊടുക്കാതെ പ്രിയങ്ക ഇന്ന് ഡെൽഹിക്ക് മടങ്ങുകയും ചെയ്തു.
വയനാട് പാർലമെൻ്റ് മണ്ഡലത്തിൽപ്പെട്ട മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക പേരിനൊന്ന് എത്തി കൈവീശി തിരികെ പോവുകയായിരുന്നു എന്ന് കോൺഗ്രസുകാർക്കിടയിൽ തന്നെ പരാതിയുണ്ട്. അടികൊണ്ട് കിടന്നവരെ കാണണമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒടുവിൽ പരാതി മൂർച്ഛിച്ചപ്പോൾ ഫോണിലൂടെ അവരുമായി പ്രിയങ്ക സംസാരിച്ചു. ഒന്നുകിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകണം അല്ലെങ്കിൽ അടുത്ത ഇലക്ഷനാകുമ്പോൾ വീണ്ടും കാണാം എന്നാണത്രേ ആശുപത്രിയിൽ കിടക്കുന്ന യൂത്ത് കോൺഗ്രസുകാർ പരസ്പ്പരം പറയുന്നതെന്നാണ് വയനാട്ടിൽ നിന്ന് ഒരു നേതാവു രഹസ്യമായി പറഞ്ഞത്.