മാധ്യമങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കുമെന്നാണ് സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പറഞ്ഞു. ബി ജെ പിക്കെതിരെ വ്യാജ വാർത്തകൾ മാധ്യമങ്ങൾ നിരന്തരം നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോൾ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് എനിക്കറിയാം, സുരേന്ദ്രൻ പറഞ്ഞു. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങൾക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രത്തിൻ്റെ താളുകളിലും അടിച്ചു വിടുകയാണോ? നിങ്ങൾക്ക് എത്തിക്സിൻറെ ഒരു അംശം പോലുമില്ലെ?
നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലർജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത്, നിങ്ങളുടെ ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാർത്തകൾ കൊടുത്താൽ ആ പത്രത്തിൻറെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങൾക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.