29ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ആന്‍ ഹുയിക്ക്

At Malayalam
2 Min Read

29ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക്. ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ചൈനയിലെ ലയോണിങ് പ്രവിശ്യയിലെ അന്‍ഷാനില്‍ 1947ല്‍ ജനിച്ച ആന്‍ ഹുയി 1952ല്‍ ഹോങ്കോങിലേക്ക് മാറുകയും ഹോങ്കോങ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു. 1975ല്‍ ലണ്ടന്‍ ഫിലിം സ്‌കൂളില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി ടെലിവിഷന്‍ ബ്രോഡ് കാസ്റ്റ് ലിമിറ്റഡില്‍ ഡയറക്ടര്‍ ആയി ജോലി തുടങ്ങി.1979ല്‍ സംവിധാനം ചെയ്ത ദ സീക്രറ്റ് ആണ് ആദ്യചിത്രം. തുടര്‍ന്ന് 26 ഫീച്ചര്‍ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആന്‍ ഹുയിയുടെ സിനിമകള്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ചിരുന്നു. ബോട്ട് പീപ്പിള്‍ (1982), സോങ് ഓഫ് എക്‌സൈല്‍ (1990) എന്നിവ കാന്‍ ചലച്ചിത്രമേളയിലും സമ്മര്‍ സ്‌നോ (1995), ഓര്‍ഡിനറി ഹീറോസ് (1999) എന്നിവ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും എ സിമ്പിള്‍ ലൈഫ്(2011), ദ ഗോള്‍ഡന്‍ ഇറ (2014) എന്നിവ വെനീസ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. ഹോങ്കോങ് ഫിലിം അവാര്‍ഡില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്രപ്രതിഭയാണ് ആന്‍ ഹുയി.

ഏഷ്യയിലെ വനിതാ സംവിധായികമാരില്‍ പ്രധാനിയായ ആന്‍ഹുയി ഹോങ്കോങ് നവതരംഗപ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്.അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് 77കാരിയായ ആന്‍ ഹുയി. ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകര്‍ന്നു നല്‍കിയത് ആന്‍ ഹുയി ആണ്. ഏഷ്യന്‍ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍നിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തില്‍ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം,സാംസ്‌കാരികമായ അന്യവത്കരണം എന്നിവയാണ് ആന്‍ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങള്‍.

29ാമത് ഐ.എഫ്.എഫ്.കെയില്‍ ആന്‍ ഹുയിയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പ്രിങ്‌സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓണ്‍ട് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment