തമിഴ്നാട് പൊലീസിലെ കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകാർക്ക് അവരവരുടെ ജില്ലകൾക്കുള്ളിൽ സൗജന്യ യാത്ര ചെയ്യുന്നതിന് സ്മാർട്ട് കാർഡ് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്, ഉടൻ എല്ലാ സേനാംഗങ്ങളും സമാർട്ട് കാർഡിനാവശ്യമായ വിവരങ്ങൾ നൽകാൻ തമിഴ്നാട് പൊലിസ് മേധാവിയുടെ നിർദ്ദേശവും വന്നിട്ടുണ്ട്.
നേരത്തേ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ, ഡ്യൂട്ടിക്കായി യൂണിഫോമിൽ യാത്ര ചെയ്തിരുന്ന കോൺസ്റ്റബിളിനോട് പൈസ ആവശ്യപ്പെടുന്നതും പൊലീസുകാരൻ നൽകാതിരുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കണ്ടക്ടറുടെ ശാഠ്യം മൂലം മറ്റു യാത്രക്കാർ പണം നൽകിയാണ് ബസ് യാത്ര തുടർന്നത്. സംഭവം കണ്ടക്ടർ തന്നെയാണ് വാട്സാപ്പ് വഴി പ്രചരിപിച്ചത് ഇതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലാവുകയും ചെയ്തു. ഡ്യൂട്ടിയുടെ ഭാഗമായി യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ പണം നൽകേണ്ടതില്ല എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ വാക്കിൽ വിശ്വസിച്ചാണ് താൻ അങ്ങനെ ചെയ്തതെന്ന് പൊലീസുകാരൻ അന്ന് വിശദീകരിച്ചിരുന്നു.
അതിൻ്റെയടിസ്ഥാനത്തിലാണ് കണ്ടക്ടർക്ക് സസ്പെൻഷൻ ലഭിച്ചത്. പൊലീസിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസും കണ്ടക്ടർക്ക് നേരിടേണ്ടി വന്നു. സംഭവത്തെ തുടർന്ന് പൊലീസ് തമിഴ്നാട്ടിലെമ്പാടും സർക്കാർ വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ പിടികൂടി രണ്ടു കോടിയോളം രൂപ പിഴ ചുമത്തിയതും മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടിയതും വാർത്തയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാരിൻ്റെ ഇപ്പോഴത്തെ നടപടി.