ട്രെയിൻ യാത്രക്കാരുടെ എക്കാലത്തേയും സംശയത്തിന് ലോക്‌സഭയിൽ മറുപടി നൽകിയിരിക്കുകയാണ് റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്. സംശയം മറ്റൊന്നുമല്ല, യാത്രയ്ക്കിടയിൽ യാത്രക്കാർക്ക് പുതയ്ക്കാൻ നൽകുന്ന കമ്പിളി കഴുകാറുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ ? ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും കഴുകാറുണ്ടോ? ഓരോരോ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഉപയോഗിക്കുമ്പോൾ അത് നമുക്കും പ്രശ്നമാകില്ലേ? ഈ സംശയങ്ങൾ സാധാരണ യാത്രക്കാർക്കൊപ്പം ‘വി ഐ പി’ യാത്രികർക്കും സംശയമുണ്ട്. ഈ ചോദ്യങ്ങൾക്കാണ് അശ്വനി വൈഷ്ണവ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പുതപ്പുകൾ കഴുകി വൃത്തിയാക്കാറുണ്ട് എന്ന് മന്ത്രി മറുപടി നൽകി. നമ്മുടെ തീവണ്ടികളിൽ ഉപയോഗിക്കുന്ന പുതപ്പുകൾ പൊതുവേ ഭാരം കുറവുള്ളതും പുതയ്ക്കാൻ സുഖമുള്ളതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇവ കഴുകി വൃത്തിയാക്കാൻ എളുപ്പവുമാണ്. ബി ഐ എസ് നിഷ്ക്കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കിയിട്ടുമുണ്ട്. യന്ത്രസഹായത്താൽ രാസവസ്തുകൾ ഉപയോഗിച്ചാണ് ഇവ അലക്കുന്നത്, മന്ത്രി അറിയിച്ചു.
പുതപ്പ് കഴുകിയ ശേഷം വൈറ്റോ മീറ്റർ ഉപയോഗിച്ച് ഗുണ നിലവാര പരിശോധന നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച പരാതികൾ റെയിൽ മദാദ് പോർട്ടലിൽ ലഭിച്ചാൽ അടിയന്തര പരിഹാരം കാണുന്നുണ്ടന്നും മന്ത്രി പറഞ്ഞു. കുൽദീപ് ഇൻഡോറ എം പി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.