തമിഴ്നാട്ടിൽ അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ അടക്കം 16 ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൂടാതെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. മഴ തുടർന്നാൽ സർക്കാർ ഓഫിസുകൾക്കും അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
രാമേശ്വരത്തടക്കം മൊബയിൽ ടവറുകൾ പ്രവർത്തിക്കാത്തതും തടസം സൃഷ്ടിക്കുന്നു. വരുന്ന നാലു ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഉൾപ്പെടെയുള്ള വിമാന സർവീസുകളെയും കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിരിക്കുകയാണ്.