കേരളം ഇന്ത്യയിലല്ലേ , അതോ ഇന്ത്യയ്ക്കു പുറത്താണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഒരു കണ്ണിൽ മാത്രം കൊടുത്താൽ പോര , ഗുജറാത്തിനും അസമിനും ആന്ധ്രക്കും ബിഹാറിനുമൊക്കെ കേന്ദ്രം സഹായം നൽകിയില്ലേ ? അതുപോലെയല്ലേ കേരളവും എന്നു മുഖ്യമന്ത്രി ചോദിച്ചു. വയനാട് ദുരന്തത്തിൽ സഹായമൊന്നും നൽകാൻ തയ്യറാകാത്ത കേന്ദ്ര സർക്കാരിനെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.
വയനാട് ദുരന്തത്തിനു മുമ്പു സംഭവിച്ച വലിയ പ്രളയകാലത്തും ഒരു സഹായവും നൽകാതെ കേന്ദ്രം കേരളത്തെ അവഗണിച്ചിരുന്നു. ചൂരൽ മല ദുരന്തത്തെ അതി തീവ്രദുരന്തമായി പ്രഖ്യാപിക്കാൻ പോലും കേന്ദ്രം തയ്യാറായില്ല. എല്ലാ തവണയും കേന്ദ്രസഹായമുണ്ടാകും എന്ന് പ്രധാനമന്ത്രി വന്നു പറഞ്ഞിട്ടു പോകും. ഡെൽഹിയിൽ ചെന്ന് പ്രധാനമന്ത്രിയടക്കം ബന്ധപ്പെട്ടവരെ നേരിട്ടു കണ്ട് സഹായം അഭ്യർത്ഥിച്ചു. ഒരു ഫലവുമുണ്ടായില്ല.
ദുരന്ത നിവാരണ നിധിയിൽ നിന്നും പണമെടുക്കാമെന്നാണ് ചിലർ പറയുന്നത്. അത് എടുത്ത് ഉപയോഗിച്ചാൽ കേന്ദ്രം തിരികെ തരും എന്നും പറയുന്നുണ്ട്. അത് ഉപയോഗിക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട്. ഉപയോഗിച്ച പണത്തിനു പകരം കേന്ദ്രം പണം നൽകണമെന്ന് വ്യവസ്ഥയുമില്ല. രാജ്യത്ത് എല്ലായിടത്ത് ഉള്ളതും ഇന്ത്യക്കാരല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് സംസ്ഥാനത്തിൻ്റെ അവകാശമാണ്. ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും കേന്ദ്രത്തിൻ്റെ സഹായം ആവശ്യമാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി അതേ പോലെ തന്നെ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുപ്പിലുണ്ടായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. കൂത്തു പറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.