സർക്കാർ സ്കൂളിലെ അധ്യാപികയെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവൺമെൻ്റ് സ്കൂളിലെ അറബിക് അധ്യാപിക ശ്രീജയെയാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ നിന്നു ശ്രീജ പുറത്തു പോയതായി ബന്ധുക്കൾ പറയുന്നു. പിന്നാലെ ശ്രീജയെ കാണാനില്ലാതായി.
ശ്രീജ ഭർത്താവുമായി പിണങ്ങി താമസിച്ചു വരികയായിരുന്നു. ഭർത്താവായ രാഗേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. 36 കാരിയായ ശ്രീജ കാഞ്ഞിരത്തിൻ മൂട് കുന്നിൻ പുറത്തു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കാണാതായ ശ്രീജയെ അന്വേഷിച്ചിറങ്ങിയവർ വീടിനു സമീപത്തുള്ള കുളത്തിൻ്റെ കരയിലായി ശ്രീജയുടെ ചെരുപ്പ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ ശ്രീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിതറ പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
