ഉപതെരഞ്ഞെടുപ്പിലും കാര്യങ്ങൾക്കു മാറ്റമില്ലാതെ കേരളം. വയനാട്ടിൽ രാഹുൽ മാറി പ്രിയങ്ക വന്നു, പാലക്കാട്ട് ഷാഫി മാറി രാഹുൽ വന്നു, ചേലക്കരയിൽ കെ രാധാകൃഷ്ണൻ മാറി യു ആർ പ്രദീപും വന്നു. അല്പമെങ്കിലും നഷ്ടം ആർക്കെന്ന് കണക്കെടുത്താൽ അത് ബി ജെ പിയ്ക്കാവും. കുത്തക എന്ന് അവർ തന്നെ പറഞ്ഞു നടന്ന പാലക്കാട്ട് ബി ജെ പിയ്ക്ക് കാര്യങ്ങൾ ഒട്ടും ഈസിയായില്ല എന്നതാണ് സത്യം. കോട്ട എന്നൊക്കെ പാടി പുകഴ്ത്തിയ ഇടങ്ങളൊക്കെ ബി ജെ പിയോട് അകലം പാലിച്ചു എന്നു വേണം കരുതാൻ.
കോൺഗ്രസിൽ നിന്ന് സി പി എം പാളയത്തിലെത്തിയ ഡോ : പി സരിൻ ഇടതിനു വേണ്ടി ചെറിയ തോതിൽ നില മെച്ചപ്പെടുത്തി മൂന്നാം സ്ഥാനം ഭദ്രമാക്കി. തുടക്കത്തിൽ ആളിക്കയറിയ സി കൃഷ്ണകുമാർ സമയം പോകവേ നിലതെറ്റി താഴെ പോയി. 18,840 ൻ്റെ പിൻബലത്തിൽ രാഹുൽ മാങ്കൂട്ടം നിയമസഭയുടെ ഇരിപ്പിടത്തിൽ ആദ്യമായി സ്ഥാനം പിടിച്ചു. 2016 ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷം 17,483 ആയിരുന്നു.
ചേലക്കര ചുവന്ന് തുടുത്ത് ഇടത്തോട്ട് തന്നെ ചരിഞ്ഞു നിന്ന് പാരമ്പര്യം കാത്തു. കെ രാധാകൃഷ്ണൻ എന്ന ചേലക്കാരക്കാരുടെ സ്വന്തം രാധേട്ടൻ ഡെൽഹിക്ക് വിമാനം കയറിയപ്പോൾ പകരക്കാരനായി യു ആർ പ്രദീപ് തിരുവനന്തപുരത്തെ നിയമസഭയിലേക്ക് വണ്ടി കയറും. പ്രദീപിനിത് നിയമസഭയിൽ രണ്ടാമൂഴമാണ്.
ചേട്ടൻ പോയി അനിയത്തി വന്ന വയനാട്ടിൽ ഭൂരിപക്ഷം കൂടിയതല്ലാതെ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. രാഹുലിനെ കാണാൻ കാത്തിരുന്നവർക്ക് ഇനി പ്രിയങ്കയ്ക്കായി അതു തന്നെ തുടരാം. 4,68, 36 വോട്ടാണ് സി പി ഐയിലെ സത്യൻ മൊകേരിയേക്കാൾ നേടി പ്രിയങ്ക വയനാട്ടുകാർക്ക് പ്രിയങ്കരിയായത്. രാഹുൽ ഗാന്ധിക്ക് തൊട്ടുമുമ്പ് 3,64,422 വോട്ടാണ് വയനാട്ടുകാർ ഭൂരിപക്ഷം നൽകി മടക്കി അയച്ചത്.
അങ്ങനെ, ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി കഴിയുന്നു. ജയിച്ചവർക്കും തോറ്റവർക്കും ഇന്നിനി സ്വസ്ഥമായി ഉറങ്ങാം. കണക്കു കൂട്ടി കിഴിച്ചെടുക്കുന്ന മാധ്യമങ്ങൾക്കും സ്ഥിരം ‘ചർച്ചക്കാർക്കും ‘ ഇന്നും ഇതൊക്കെ തന്നെ പറഞ്ഞ് ചർചിക്കാം, തർക്കിക്കാം. പത്രങ്ങൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പേജുകൾ നിറയ്ക്കാം. അങ്ങനെ സർവം ശുഭം…..മംഗളം.