ബസിലെ യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനെ 26 വർഷങ്ങൾക്കു ശേഷം പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വർക്കല റാത്തിക്കൽ ഇക്ബാലിനെയാണ് 1997 ൽ നടത്തിയ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ 26 കാരിയെ വർക്കല – കുളത്തൂപ്പുഴ റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസിൽ വച്ചാണ് തട്ടിക്കൊണ്ടു പോയത്. ലോഡ്ജുകളിലും റിസോർട്ടുകളിലുമൊക്കെ മാറി മാറി താമസിപ്പിച്ചാണ് യുവതിയെ മാനഭംഗം ചെയ്തത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലിസ് പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇക്ബാൽ ഇതിനിടെ വിദേശത്തേക്കു കടന്നുകളഞ്ഞു. ഇപ്പോൾ സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇയാളെ പൊലീസ് പിടി കൂടുകയായിരുന്നു. സ്വകാര്യ ബസ് ഉടമയുടെ മകനായ ഇക്ബാൽ അതേ ബസിൽ അന്ന് കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു.