തങ്ങൾമാർ വിമർശനങ്ങൾക്ക് അതീതരോ : എം വി ഗോവിന്ദൻ

At Malayalam
1 Min Read

പാണക്കാട് തങ്ങൾമാരൊക്കെ വിമർശനത്തിന് അതീതരാണോ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത നേതാവെന്ന നിലയ്ക്കാണ് തങ്ങളെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചത്. അത് ഉടൻ തന്നെ കൊണ്ടുപോയി മതത്തിൽ കുട്ടിക്കെട്ടാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം വർഗീയ പരിപാടികളൊക്കെ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്ന് ഈ പ്രചാരവേലക്കാർ മനസിലാക്കുന്നത് നല്ലതാണ്. സാദിഖലിയെ പറ്റി പറഞ്ഞാൽ വിവരമറിയുമെന്നാണ് ചിലർ വച്ചു കാച്ചുന്നത്. വെറും കോലാഹലം ഉണ്ടാക്കി വാർത്താ മാധ്യമങ്ങളിൽ ഒന്നു കയറി പറ്റാൻ കഴിയുമോ എന്നാണ് ഇക്കൂട്ടർ ആലോചിക്കുന്നത്. സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ചത് രാഷ്ട്രീയമായ വിമർശനമാണ്. കയ്യും കലാശവും കാണിച്ച് തെരുവിൽ ആക്രോശിക്കുന്ന ചില ലീഗ് നേതാക്കൾ അതിനു രാഷ്ട്രീയമായി മറുപടി പറയട്ടെ എന്നും ഗോവിന്ദൻ പറഞ്ഞു.

കടുത്ത വർഗീയ ധ്രുവീകരണത്തിനുള്ള എല്ലാ ഇടങ്ങളും കണ്ടു പിടിക്കുന്ന എസ് ഡി പി ഐയും ജമാ അത്തെ ഇസ്ലാമിയുമായിട്ടാണ് ലീഗിൻ്റെ ചങ്ങാത്തം. അതും ഈ നാട്ടിലുള്ളവർ കാണുന്നുണ്ടെന്ന് മനസിലാക്കണം. ഈ വർഗീയ സംഘടനകളുടെ തടവറയിലാണ് ലീഗെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. സി പി എം രാഷ്ട്രീയമായ വിമർശനമാണ് ഉത്തരവാദിത്തത്തോടെ മുന്നോട്ടു വച്ചത്. അതിൽ പിടിച്ച് എല്ലാ കാലത്തും ഒരു പോലെ മതവികാരം ഉണർത്തി വിട്ടു നാല് വോട്ടു പിടിക്കാം എന്ന് ലീഗും അതിൻ്റെ തണലു പറ്റി കോൺഗ്രസും ശ്രമിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിൻ്റെ പുതിയ നേതാവ് സന്ദീപ് വാര്യരുടെ ചരിത്രം കോൺഗ്രസ് മറക്കരുത്. തികഞ്ഞ വർഗീയ പ്രചാരവേല സംഘടിപ്പിച്ചിട്ടുള്ള വാര്യരുടെ തോളിൽ കയ്യിടുന്ന കോൺഗ്രസുകാരോടും ലീഗുകാരോടും ഗാന്ധിവധം, ജമ്മുകശ്മീർ വിഷയം എന്നിവയുമായി ബന്ധപ്പെട്ട് സന്ദീപിൻ്റെ പഴയ അഭിപ്രായ പ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സുലഭമായി കിട്ടുന്നത് കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും എന്നാണ് പറയാനുള്ളത്.

Share This Article
Leave a comment