വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്‌ത്രോത്സവം ആലപ്പുഴ നഗരത്തിലെ അഞ്ചു സ്‌കൂളുകളിലായാണ് ഇപ്രാവശ്യം നടക്കുന്നത്.
ലിയോ തേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ് ഡി വി ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുക.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐ ടി മേളകളും ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും ലജ്‌നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും എസ് ഡി വി ബോയ്സ് – ഗേള്‍സ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുക. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.
ഇത്തവണ മുതല്‍ സംസ്ഥാനസ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ 180 ഓളം ഇനങ്ങളിൽ പങ്കെടുക്കും.