വൃശ്ചിക മാസത്തിലെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. സാധാരണയായി എല്ലാ വർഷവും വൈകുന്നേരം 5 മണിക്കാണ് നട തുറക്കാറുള്ളത്. എന്നാൽ ഇത്തവണ 4 മണിക്കാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെയില്ല.

ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. ഇന്ന് ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് സോപാനത്ത് നടക്കും. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും.