വയനാടിന് മാന്ദ്യം , ചേലക്കര വർധിത ആവേശത്തിൽ

At Malayalam
1 Min Read

ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വയനാട്ടിൽ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞു. എന്നാൽ ചേലക്കരയിലാകട്ടെ റെക്കോഡ് പോളിംഗും നടന്നു. 64.72% ആണ് ഇന്നലെ രാത്രി വൈകിയെത്തിയ വയനാട്ടിലെ പോളിംഗ് ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വളരെ കുറവ്. തുടക്കം മുതൽ തണുത്ത പ്രതികരണമാണ് വയനാട്ടുകാർ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. എന്നാൽ ചേലക്കരയിൽ 2021 ൽ 1, 53,673വോട്ടുകൾ പോൾ ചെയ്തപ്പോൾ ഇന്നലെ 1,54,356 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു.

വയനാട് ശരിക്കും മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി മാറി പ്രിയങ്ക ഗാന്ധി വരുമ്പോൾ ജനം ഇരച്ചുകയറുമെന്ന കോൺഗ്രസ് ക്യാമ്പുകളിലെ പ്രതീക്ഷകൾക്കു കനത്ത തിരിച്ചടിയായി ഇന്നലത്തെ വയനാടൻ ജനതയുടെ തണുപ്പൻ പ്രതികരണം. എൽ ഡി എഫും ബി ജെ പിയും കരുതിയതും പോളിംഗ് ശതമാനം കൂടും എന്നു തന്നെയായിരുന്നു. ആ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കിക്കൊണ്ടാണ് പോളിംഗ് കുത്തനെ ഇടിഞ്ഞത്.

എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെ ഇക്കാര്യത്തിൽ പ്രതികരിച്ചത് രാഹുൽ ഗാന്ധി ചെയ്ത ജനവഞ്ചന കൊണ്ടാണ് ശതമാനം കുറഞ്ഞത് എന്നാണ്. ബി ജെ പിക്കെതിരെ വാ തുറന്നിട്ടില്ല. തന്നെ ദുർബലനെന്ന് വിളിച്ചു. പണത്തിൻ്റെ കൊഴുപ്പു കാട്ടാൻ ഞങ്ങൾക്കാവില്ല, അതാണ് രാഹുൽ അങ്ങനെ പറഞ്ഞത്. എൽ ഡി എഫ് ഇത്തവണ ജയിക്കുമെന്നും സത്യൻ മൊകേരി പറഞ്ഞു. വയനാടിൻ്റെ പ്രശ്നങ്ങൾ പറയാതെ ഇവിടെ 5 കൊല്ലം എന്തായി എന്നാണ് ചോദിച്ചു നടന്നത്. ആ കള്ളക്കളി ജനങ്ങൾ മനസിലാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ 2 സീറ്റിൽ മത്സരിക്കുമെന്നത് രാഹുൽ മറച്ചു വയ്ക്കുകയും ചെയ്തു.

യു ഡി എഫിൻ്റെ വോട്ടുകളല്ല എൽ ഡി എഫിൻ്റേയും ബി ജെ പി യുടേയും വോട്ടുകളാണ് പോൾ ചെയ്യാതെ പോയതെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൻ ഡി എ എന്ന് നവ്യഹരിദാസും അഭിപ്രായപ്പെട്ടു.

- Advertisement -
Share This Article
Leave a comment