സദുദ്ദേശപരമായാണ് താൻ കളക്ടറേറ്റിലെത്തി നവീൻ ബാബുവിൻ്റെ യാത്ര അയപ്പു പരിപാടിയിൽ സംസാരിച്ചതന്നും അദ്ദേഹം ആത്മഹത്യ ചെയ്തതിൽ അതീവ ദുഃഖമുണ്ടന്നും ജാമ്യം ലഭിച്ചു പുറത്തു വന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരോടും മാധ്യമ പ്രവർത്തകരോടും നന്നായി സഹകരിച്ചു പോകുന്നതാണ് തൻ്റെ ശൈലി. ഇക്കാര്യത്തിൽ തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ച ശേഷം വീട്ടിലേക്കു മടങ്ങി.
നവീൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ തന്നെ താനും ആഗ്രഹിക്കുന്നു. സത്യം തെളിയുകയും വേണം. തുടർന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകിയില്ല. സി പി എം ദിവ്യക്കെതിരെ എടുത്ത നടപടികളെക്കുറിച്ചൊന്നും അവർ പ്രതികരിച്ചില്ല.
രണ്ടു പേരുടെ ആൾ ജാമ്യം, ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കൽ തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 നും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണം. കോടതിയിൽ നിന്നുള്ള അനുമതിയില്ലാതെ ജില്ലയ്ക്കു പുറത്തു പോകാനും പാടില്ല. പാസ്പോർട്ട് സറണ്ടർ ചെയ്യണം, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളുമുണ്ട്. സ്ത്രീ എന്ന പ്രത്യേക പരിഗണന, കുടുംബനാഥയുടെ അഭാവത്തിൽ കുടുംബത്തിൽ ഉണ്ടാകുന്ന പ്രയാസം, പിതാവിൻ്റെ അസുഖങ്ങൾ തുടങ്ങിയ കാരണങ്ങൾ പരിഗണിച്ചാണ് ദിവ്യയ്ക്ക് ജാമ്യം നൽകിയത്.
സി പി എം ദിവ്യയ്ക്കെതിരെ കടുത്ത നടപടിയാണ് എടുത്തിരിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയെ പ്രാഥമിക അംഗത്വമായ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. സി പി എം ൻ്റെ പാർട്ടി രീതി അനുസരിച്ച് ഏറ്റവും വലിയ രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്.