ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിലെ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിൽ സദാചാര വിരുദ്ധ പരാമർശം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് കോടതി ശിക്ഷ വിധിച്ചു. മെബിൻ തോമസ് എന്ന യൂത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനെയാണ് കോടതി ശിക്ഷിച്ചത്. 15,000 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യു ഡി എഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി തനിക്കെതിരെ നടത്തിയതെന്ന് കെ കെ ശൈലജ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷവും ക്രൂരമായ സമൂഹ മാധിമ ആക്രമണമാണ് തനിക്കെതിരെ യു ഡി എഫിൻ്റെ സൈബര്‍ വിംഗ് നടത്തിയത്. അന്ന് തന്നെ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.
ആ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടിൽപ്പാലം സ്വദേശി മെബിന്‍ തോമസിന് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൻ്റെ നേതൃത്വത്തിലായിരുന്നു വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അശ്ലീല പ്രചാരണം നടത്തിയിരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്പ്പദമായ വിവരങ്ങള്‍ പുറത്തുവരുന്ന ഈ സാഹചര്യത്തിൽ ഒരു യൂത്ത് കോൺഗ്രസ് സൈബർ അക്രമിക്ക് ശിക്ഷവിധിച്ചു കൊണ്ട് വന്ന ഈ വിധി ഏറെ നിര്‍ണായകമാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ. ഈ വ്യാജന്‍മാരായ അശ്ലീല പ്രചാരകരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കുമെന്നും തൻ്റെ ഫെയ്സ് ബുക്ക് പേജിലെഴുതിയ കുറിപ്പിൽ കെ കെ ശൈലജ പറയുന്നു.