മദ്യലഹരിയിൽ പൊലിസ് കൺട്രോൾ റൂമുകളിൽ വിളിച്ച് ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് വ്യാജ സന്ദേശം നൽകിയ വ്യക്തിക്കായുള്ള തെരച്ചിൽ ഊർജിതം. ആളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു. പാലക്കാടു നിന്നും തിരുവനന്തപുരത്തേക്ക് ഓടുന്ന ട്രെയിനുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ഹരിലാൽ ആണ് വ്യാജസന്ദേശം നൽകിയതെന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഭീഷണി സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ബോംബ് സ്ക്വാഡ് അടക്കം എത്തി പരിശോധന നടത്തി. ബന്ധപ്പെട്ടവർക്കൊക്കെ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. എറണാകുളത്തെ പൊലിസ് കൺട്രോൾ റൂമിലേക്ക് വിളിച്ച ഫോൺ നമ്പർ അടിസ്ഥാനമാക്കി പരിശോധിച്ചപ്പോഴാണ് വ്യാജ സന്ദേശത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞത്.