അമേരിക്കൻ പ്രസിഡൻ്റാകാൻ കമലഹാരിസ് – ഡോണാൾഡ് ട്രംപ് പോരാട്ടത്തിന് ഇന്ന് വിധിയെഴുത്ത്. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30 ഓടെ പോളിംഗ് ബൂത്തുകളിൽ നിരയിടും. മത്സരത്തിലും പ്രചാരണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും ഇതുവരേയും നടത്തിയിരിക്കുന്നത്. തുല്യ ശക്തികളായി നിൽക്കുന്ന ഏഴ് പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് അവസാന നിമിഷ പ്രചരണം ഇരുവരും കൊഴുപ്പിച്ചത്.
വിവിധ സംഘടനകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കൃത്യമായ ഒരു പ്രവചനം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അവസാന നിമിഷ മുന്നേറ്റം തങ്ങൾക്ക് അനുകൂലമാകുമെന്നും വിജയത്തിലെത്തുന്നുമെന്നുമാണ് ഇരു ക്യാമ്പുകളിൽ ഉള്ളവരുടെ ആത്മവിശ്വാസം. പെൻസിൽവേനിയയിൽ കൂടുതൽ വോട്ടു നേടുന്നവർക്ക് വിജയ സാധ്യത പ്രവചിക്കുന്നവരും ഉണ്ട്.
ഏതായാലും ലോകം ഉറ്റു നോക്കുന്ന പ്രസിഡൻ്റ് കസേരയിലേക്ക് ഒരു പേര് നിർദേശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കയുടെ നാല്പത്തി ഏഴാമത്തെ പ്രസിഡൻ്റ് ആര് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം