എറണാകുളം ജില്ലയിലെ തേവര – കുണ്ടന്നൂർ പാലം നാളെ (തിങ്കൾ) ഗതാഗതത്തിനായി തുറന്നു നൽകും. 1720 മീറ്റർ നീളമുള്ള പാലത്തിൻ്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി ടാറിംഗും നടത്തി. 30 ദിവസം അടച്ചിട്ട് പണി നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അതിനു മുമ്പു തന്നെ പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയതായി അധികൃതർ അറിയിച്ചു.
സ്‌റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് ( എസ് എം എഫ് ) സാങ്കേതിക വിദ്യയിലാണ് ടാറിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ഇളകുകയോ പൊട്ടുകയോ ചെയ്യില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മെച്ചമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കോൺക്രീറ്റിനു മുകളിൽ പ്രത്യേക രീതിയിലുള്ള ഒരു മിശ്രിതം ചേർത്താണ് ഇതിൽ ടാറിംഗ് നടത്തുന്നത്. നേരത്തേ അലക്സാണ്ടർ പറമ്പിത്തറ പാലത്തിൻ്റെ അറ്റകുറ്റപണികൾ നടത്തി തുറന്നതായും ഈ രണ്ടു പാലങ്ങൾക്കുമായി 12. 85 കോടി രൂപ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചതായും വകുപ്പ് അധികൃതർ പറയുന്നു