അമിതമായ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടുന്ന കേസുകൾ വർധിച്ചതായും ജാഗ്രത പുലർത്തണമെന്നും പൊലിസ് മുന്നറിയിപ്പു നൽകുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നതാണ് ആദ്യ പടി. അമിതമായ ലാഭം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്നു എന്നതാണ് കൂടുതൽ പേർ തട്ടിപ്പിനിരയാകാൻ കാരണം.
താത്പര്യത്തോടെ എത്തുന്നവരെ ഒരു വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാക്കുന്നു. പിന്നാലെ ഗ്രൂപ്പംഗങ്ങൾ ഓരോരുത്തരായി തങ്ങൾക്കു ലഭിച്ച വൻ ലാഭത്തിൻ്റെ കണക്കുകൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു. ചെറിയ തുക നിക്ഷേപിക്കുമ്പോൾ തന്നെ വൻ ലാഭം നിക്ഷേപകന് നൽകി തുടങ്ങുന്നു. മറ്റുള്ളവർക്ക് കിട്ടിയ പണത്തിൻ്റെ സ്ക്രീൻ ഷോട്ടുകളും ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു. ആ ഗ്രൂപ്പിൽ ചെന്നുപെട്ട ആൾ ഒഴികെ ബാക്കിയുള്ളവരൊക്കെ തട്ടിപ്പുകാരുടെ ബെനാമികളാണ്.
തട്ടിപ്പിൻ്റെ ഒരു ഘട്ടം പൂർത്തിയാകുന്നതോടെ വലയിൽ കുരുങ്ങിയ വ്യക്തി കൂടുതൽ പണം നിക്ഷേപിച്ചു തുടങ്ങുന്നു. ഒരു വെബ് സൈറ്റ് വിലാസം നൽകി അതിലൂടെ നിക്ഷേപിക്കാൻ നിർദേശം നൽകുന്നു. ആദ്യം അമിതലാഭം നൽകി നിക്ഷേപകൻ്റെ കൂടുതൽ വിശ്വാസം ആർജിക്കുന്നു. വൻ തുക പിന്നാലെ നിഷേപിക്കുന്നതോടെ കളി മാറുന്നു. നിക്ഷേപിച്ചതിൻ്റെ രണ്ടും മൂന്നും ഇരട്ടി തുക നിക്ഷേപകന് തിരികെ ഇട്ടതായുള്ള സ്ക്രീൻ ഷോട്ട് ലഭിക്കും. പണം എടുക്കാൻ ചെല്ലുമ്പോഴാണ് അറിയുക അത് വെറും സ്ക്രീൻ ഷോട്ട് മാത്രമാണെന്ന്. അതിനു മുമ്പായി തന്നെ ജി എസ് റ്റി മറ്റു നികുതികൾ എന്നിവയുടെ പേരിൽ കുറച്ചധികം തുക പിന്നെയും വാങ്ങി എടുക്കും. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടമാക്കി നിരലാംബരായി നിൽക്കുന്നവർ ധാരാളമുണ്ടെന്ന് പൊലിസ് പറയുന്നു.
തട്ടിപ്പിനിരയായതായി ബോധ്യമായാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകിയാൽ നഷ്ടപ്പെട്ട തുക തിരികെ കിട്ടാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന ഐ ഡി യിൽ പരാതി നൽകണം. 1930 എന്ന നമ്പറിലും സൈബർ പൊലിസുമായി ബന്ധപ്പെടാം.
