കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ രണ്ടു ഘട്ടങ്ങളിലായാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഏകദേശം അഞ്ചു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തു. ദിവ്യയുടെ മുഖത്തെ പതിവു ചിരി ഇന്നലെ മാഞ്ഞു . ചോദ്യം ചെയ്യൽ കഴിഞ്ഞു ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്നു മടങ്ങുമ്പോഴും വൈകീട്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മടങ്ങുമ്പോഴും ചിരി വറ്റിയ മുഖവും കുനിഞ്ഞ ശിരസുമായാണ് ദിവ്യ മടങ്ങിയത്.
പൊലിസിൻ്റെ ഹർജി പരിഗണിച്ചാണ് റിമാൻ്റു തടവുകാരിയായ ദിവ്യയെ കോടതി ഒരു ദിവസത്തേക്കു മാത്രം കസ്റ്റഡിയിൽ നിന്നും വിട്ടു നൽകിയത്. വൈകിട്ട് 5 ന് കോടതിയിൽ തിരികെ ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും 4 മണിക്കു തന്നെ അന്വേഷണ സംഘം ദിവ്യയെ കോടതിയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പുതുതായി ദിവ്യ ഒന്നും പറഞ്ഞില്ല എന്നാണ് അറിയുന്നത്.
കണ്ണൂർ അസിസ്റ്റൻ്റ് കമ്മിഷണർ ടി കെ രത്നകുമാറിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കളക്ടർ ക്ഷണിച്ചിട്ടു തന്നെയാണ് താൻ യാത്ര അയപ്പു യോഗത്തിൽ പങ്കെടുത്തതെന്നും നവീൻ ബാബുവിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ അന്വേഷണ സംഘത്തോടു പറഞ്ഞു. ആളുകളുടെ ആവലാതികളുള്ള ഫയലുകൾ ഓരോരുത്തരുടേയും ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഓർമിപ്പിക്കുകയുമാണ് താൻ ചെയ്തത്. നവീൻ ബാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ ചോദ്യം ചെയ്തപ്പോൾ പറഞ്ഞു.
പള്ളിക്കുന്ന് ജയിലിലാണ് ദിവ്യ റിമാൻ്റിൽ കഴിയുന്നത്. ദിവ്യയുടെ ജാമ്യാപേക്ഷ , വാദം കേൾക്കുന്നതിനായി ഈ മാസം 5 ലേക്ക് കോടതി മാറ്റി വച്ചതായും അറിയിച്ചു.
