കൊല്ലം സ്വദേശിയായ നവവധുവിനെ നാഗർകോവിലിൽ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കാൻ നിർബന്ധിക്കുന്നതടക്കമുള്ള പീഡനങ്ങളിൽ സഹികെട്ടാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൊല്ലം പിറവന്തൂർ സ്വദേശികളായ ബാബു, ദേവി എന്നിവരുടെ മകളാണ് മരിച്ച ശ്രുതി.
ശ്രുതിയുടെ പിതാവായ ബാബു തമിഴ്നാട് വൈദ്യുതി വകുപ്പിലെ എഞ്ചിനീയറാണ്. ശ്രുതി കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്തു വരികയാണ്. 25 വയസാണ് ശ്രുതിയുടെ പ്രായം. തമിഴ്നാട് വൈദ്യുതി വകുപ്പിൽ ജീവനക്കാരനായ കാർത്തിക്കാണ് 6 മാസം മുമ്പ് ശ്രുതിയ വിവാഹം ചെയ്തത്. വിവാഹ സമയത്ത് സമ്മാനമായി 10 ലക്ഷം രൂപയും 50 പവൻ സ്വർണാഭരണങ്ങളും നൽകിയതായി ബാബു പറയുന്നു.
കാർത്തിക്കിൻ്റെ മാതാവ് സ്ത്രീധനം കുറവാണെന്നു പറയുകയും ശ്രുതിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി. എച്ചിൽ പാത്രത്തിൽ ആഹാരം നൽകുന്നതിലൊക്കെ മാനസികമായി തകർന്ന ശ്രുതി ബന്ധുക്കൾക്ക്, ആത്മഹത്യയേ മാർഗമുള്ളു എന്ന് കാണിച്ച് വോയിസ് മെസേജയച്ചത് പൊലിസിനു കൈമാറിയിട്ടുണ്ട്. തിരികെ വീട്ടിൽ വന്ന് മറ്റുള്ളവർക്ക് മാനക്കേടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.