ആത്മഹത്യ ചെയ്ത മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ അദ്ദേഹത്തിൻ്റെ യാത്ര അയപ്പു യോഗത്തിൽ ക്ഷണിക്കാതെ കയറിച്ചെന്ന് വ്യക്തിഹത്യ നടത്തിയ മുൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ആ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റു ദൃശ്യമാധ്യമങ്ങൾക്കും സ്വന്തമായി തന്നെ അയച്ചു കൊടുത്ത് വ്യാപക പ്രചാരണം സ്വയം തന്നെ നടത്തിയതായും കണ്ടെത്തൽ. ഇതിനായി ഒരു പ്രാദേശിക ചാനലിൽ നിന്ന് ഈ ദൃശ്യങ്ങൾ ദിവ്യ ശേഖരിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ച് ലാൻ്റ് റെവന്യൂ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്നാണ് സർക്കാരിനു കൈമാറുന്നത്.
പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ ഒന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്. മാത്രമല്ല ഇക്കാര്യത്തിനായി ഒരു ലക്ഷം രൂപ കൈക്കൂലിയായി എ ഡി എം ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ യാതൊരു തെളിവും ഇതുവരെ ആരും കൊണ്ടുവന്നിട്ടുമില്ല. എങ്കിലും പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തൻ ഇപ്പോഴും താൻ പണം നൽകി എന്ന് ആവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്. കൂടുതൽ വിശദമായ തെളിവെടുപ്പും മറ്റു നിയമപരമായ നടപടികളും പൂർത്തിയാക്കിയാൽ മാതമേ സംഭവങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തു വരൂ.