ഒക്ടോബർ – 22
മുല്ലനേഴി
മലയാളത്തിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം എന്‍. നീലകണ്ഠന്. 1948 മേയ് 16 ന് തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന് നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. നീലകണ്ഠന് നമ്പൂതിരിയെന്നാണ് യഥാര്‍ഥ പേര്.
രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഏറെക്കാലം ജോലി ചെയ്തിരുന്നു. 1980 മുതല്‍ 1983 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു. അര ഡസനോളം കൃതികള്‍ മുല്ലനേഴിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69 ചലച്ചിത്ര ഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.
ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണ് ’ എന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. വെള്ളം എന്ന ഹരിഹരൻ ചിത്രത്തിലെ സൗരയൂഥ പതത്തിലെങ്ങോ എന്നതുൾപ്പെടെയുള്ള ഗാനങ്ങൾ, സന്മസുള്ളവർക്ക് സമാധാനം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, കണ്ണിനു പൊൻകണി കാതിനു തേൻ കണി തുടങ്ങിയ ഗാനങ്ങളൊക്കെ സൂപ്പർ ഹിറ്റുകളായി. ചലച്ചിത്രസംവിധായകന്‍ കൂടിയായിരുന്ന പി എം അബ്ദുല്‍ അസീസ് 1970 കളുടെ തുടക്കത്തില്‍ രചിച്ച ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം വേഷമിട്ടുകൊണ്ട് അഭിനയ രംഗത്തേക്കും കടന്നുവന്നു.
ജി ശങ്കരപ്പിള്ള, എസ് രാമാനുജം എന്നീ നാടകാചാര്യന്മാര് കൂടി ഭാഗഭാക്കായിരുന്ന 1975 – ല്‍ ദില്ലിയില്‍ വെച്ചുനടന്ന ദേശീയ നാടകോത്സവത്തില്‍ ചാവേര്‍പ്പട ഉള്‍പ്പെട്ടിരുന്നു. 1977 – ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്ക്കാരം ലഭിച്ചു.
1989 – ല്‍ നാലപ്പാടന് സ്മാരക പുരസ്ക്കാരം ലഭിച്ചു. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995- ലും കവിത എന്ന കൃതിക്ക് 2010 – ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചു. 2011 ഒക്ടോബര്‍ 22 – ന് തൃശൂരില്‍ അന്തരിച്ചു.