കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ അന്നത്തെ എ ഡി എം ആയിരുന്ന നവീൻ ബാബു മന:പൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ ഒരു തെളിവുമില്ലെന്ന് ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. എൻ ഒ സി നൽകിയതടക്കമുള്ള എല്ലാ നടപടികളും നിലവിലുള്ള നിയമങ്ങൾ പാലിച്ചു മാത്രമാണന്നും റിപ്പോർട്ട്. രണ്ടു ദിവസത്തിനുള്ളിൽ സർക്കാരിനു റിപ്പോർട്ടു കൈമാറുമെന്നാണ് അറിയുന്നത്.
താൻ ക്ഷണിച്ചിട്ടല്ല അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്ന് കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകിയിരുന്നു. അന്വേഷണ സംഘത്തിനു മുന്നിൽ ദിവ്യ എത്തിയിരുന്നില്ല. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെന്ന് പി പി ദിവ്യ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ദിവ്യയുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ചയാണ് പരിഗണിക്കുക.
പരിയാരം സർക്കാർ മെഡിക്കൽ കോളജിലെ താത്ക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരവേ പ്രശാന്തൻ സ്വകാര്യ പമ്പിനു അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യ വകുപ്പ് ഉന്നത സംഘം പരിശോധിക്കുമെന്നറിയുന്നു.