*കുടുംബത്തിൻ്റെ താല്പര്യത്തിനൊത്ത് പാർട്ടി നിൽക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി
കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യക്കു വഴിവച്ച സംഭവ വികാസങ്ങളിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന് പങ്കുള്ളതായി സംശയമുണ്ടെന്ന് സി പി എം നേതാവ് മലയാലപ്പുഴ മോഹനൻ പറയുന്നു. തനിക്ക് യാത്ര അയപ്പു വേണ്ട എന്ന് നവീൻ ആവശ്യപ്പെട്ടിട്ടും നിർബന്ധപൂർവം യാത്ര അയപ്പു ചടങ്ങ് സംഘടിപ്പിച്ചത് കളക്ടറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവീൻ ബാബുവിനെ പരസ്യമായി ആക്ഷേപിക്കാനുള്ള അവസരം ഒരുക്കിയതും കളക്ടർ തന്നെയാണ്. മാത്രമല്ല , ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ പരിപാടിയിലേക്ക് മറ്റാരും അറിയാതെ പി പി ദിവ്യയെ വിളിച്ചു വരുത്തിയതും അവരുടെ സൗകര്യാർത്ഥം പരിപാടിയുടെ സമയം മാറ്റിയതും കളക്ടറാണന്നും മലയാലപ്പുഴ മോഹനൻ പറയുന്നു. ഇതിൻ്റെയെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. പി പി ദിവ്യയ്ക്കെതിരെ കൂടുതൽ നടപടികൾ ആവശ്യമാണ്. പാർട്ടി സംസ്ഥാന സമിതി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. കണ്ണൂർ കളക്ടർക്കെതിരായ ആരോപണം സർക്കാർ വ്യക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര അയപ്പ് പരിപാടിക്കു പിന്നിൽ കൃത്യമായ അജണ്ടയും ഗൂഢാലോചനയും നടന്നിട്ടുണ്ട്. അതിൽ വലിയൊരു പങ്ക് ജില്ലാകളക്ടർക്കുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു. അത് കൃത്യമായി സർക്കാർ അന്വേഷിക്കും. അതിനു വേണ്ടുന്ന നടപടികളുമായി പാർട്ടി മുന്നോട്ടു പോവുക തന്നെ ചെയ്യും. നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ താല്പര്യത്തിനനുസരിച്ചു മാത്രമേ പാർട്ടി നിൽക്കുകയുള്ളുവെന്നും ഉദയഭാനു പറഞ്ഞു.