ഒരു നാടിൻ്റെ മുഴുവൻ നോവായി നവീൻ ബാബു മറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നവീൻ്റെ മക്കളായ നിരഞ്ജനയും നിരുപമയും ചേർന്ന് വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ അന്ത്യകർമങ്ങൾ ചെയ്തത് കണ്ണീരടക്കാനാവാതെ ഒരു നാടു മുഴുവൻ നോക്കി നിന്നു. നൂറു കണക്കിന് ആളുകളാണ് നവീന് യാത്രയോതാൻ അന്ത്യകർമങ്ങൾ നടന്ന മലയാലപ്പുഴയിലെ വീട്ടിൽ ഒഴുകി എത്തിയത്.
വിലാപ യാത്രയായാണ് പൊതുദർശനത്തിനായി മൃതദേഹം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ എത്തിച്ചത്. റവന്യൂ മന്ത്രി കെ രാജൻ, ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ കളക്ടറേറ്റിൽ മൃതദേഹത്തിനരികിലായി ഏറെ നേരം ഉണ്ടായിരുന്നു.
വീട്ടിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയ മൃതദേഹത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി പിന്തുടർന്നു. 12 മണിയോടെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിനരികിലിരുന്ന് വാവിട്ടു നിലവിളിക്കുന്ന നവീൻ ബാബുവിൻ്റെ ഭാര്യയും രണ്ടു പെൺമക്കളും കേരളത്തിൻ്റെ തീരാനോവായി മാറി.