കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയാ വിഭാഗം കൺവീനറായ ഡോ. പി സരിൻ പാലക്കാട് ഇടതു സ്ഥാനാർത്ഥി. ഇക്കാര്യത്തിൽ സി പി എം പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിയോടെ സരിനുമായി സംസാരിച്ചിരുന്നു. മാത്രമല്ല സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ് എ കെ ബാലൻ തുടങ്ങിയവർ സരിൻ ഇടതു സ്ഥാനാർത്ഥിയാവില്ല എന്ന് ഒരിക്കൽ പോലും പറഞ്ഞിരുന്നുമില്ല. ഇടതു സ്വതന്ത്രനായാണ് ഡോ. സരിൻ മത്സരിക്കുന്നത്.
ഇറക്കുമതി സ്ഥാനാർത്ഥി എന്ന് തുടക്കത്തിൽ കോൺഗ്രസുകാർ തന്നെ ആക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ, സി പി എം ന് പാലക്കാട് പിടിക്കാൻ, പാലക്കാടുക്കാരനായ സരിൻ വരുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ പൊതുവായ വിലയിരുത്തൽ. ഇന്ന് സരിൻ വാർത്താ സമ്മേളനം നടത്തി തൻ്റെ സ്ഥാനാർത്ഥിത്വം അറിയിക്കും എന്നാണ് മനസിലാക്കുന്നത്. ഇന്നലെ വാർത്താ സമ്മേളനത്തിൽ ചില സി പി എം അനുകൂല പ്രസ്താവനകളും സരിൻ നടത്തിയിരുന്നു.
രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ സരിൻ പൊട്ടിത്തെറിച്ചു കൊണ്ട് വാർത്താസമ്മേളനം നടത്തി കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. പാലക്കാട് രാഹുൽ മാങ്കൂട്ടമല്ല രാഹുൽ ഗാന്ധിയാവും തോൽക്കുകയെന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തോന്നിവാസികളാണ് എന്നും സരിൻ പറഞ്ഞിരുന്നു. സ്ഥാനാർത്ഥി കാര്യത്തിൽ ചിലരുടെ ആവശ്യങ്ങൾക്കു മാത്രമാണ് പാർട്ടിനേതാക്കൾ വഴങ്ങുന്നതെന്നും ഇക്കാര്യത്തിൽ പുനർ വിചിന്തനം വേണമെന്നും സരിൻ കത്തിലൂടെ കേന്ദ്ര നേതൃത്വത്തിനോടും ആവശ്യപ്പെട്ടിരുന്നു.
കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവർ സരിനെ പാടേ തള്ളിക്കൊണ്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പുകഴ്ത്തിക്കൊണ്ടുമാണ് ഇന്നലെ സംസാരിച്ചത്. അച്ചടക്ക നടപടി സരിനെതിരെ എടുത്തേക്കും എന്ന രീതിയിലും ഇന്നലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഇതൊക്കെ തന്നെയാവാം സരിനെ കടുത്ത നടപടിയിലേക്ക് പോകാൻ പ്രേരിപ്പിച്ചതും. ഇന്നത്തെ വാർത്താ സമ്മേളന ശേഷം ഇടതു മുന്നണി വൻ പ്രചാരണ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്നാണ് അവിടന്നുള്ള റിപ്പോർട്ടുകൾ.
