കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എ ഡി എം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി റിപ്പോർട്ട്. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡി വൈ എസ് പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. ഇതിനു ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു അതേ വേഷത്തിൽ തന്നെയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.
നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എ ഡി എമ്മിൻ്റെ മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യുമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പി പി ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും.
എ ഡി എം നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹര്‍ത്താല്‍ ആചരിക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
